താപസം ഏകദിന സെമിനാർ / 2018 ജനുവരി 13 ശനി

  • Home » Seminars » താപസം ഏകദിന സെമിനാർ / 2018 ജനുവരി 13 ശനി

Posted on 6 years ago

ഭാഷ, മതം, അധികാരം മലയാളസ്വത്വരൂപീകരണത്തിൽ
2018
ജനുവരി 13 ശനി
ശാന്തിനിലയം കുമാരനല്ലൂർ,
കോട്ടയം
……………………………………………………………………………………………………………………………..

2018 ജനുവരി 13 ശനി, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന താപസം ഏകദിന സെമിനാറില ഒന്നാം ചർച്ചായോഗത്തിന് ഡോ. വെളുത്താട്ട് കേശവൻ നേതൃത്വം നൽകും. കേരളീയ ചരിത്രാനുഭവങ്ങൾ മുൻനിർത്തിയുള്ള സമ്മേളനത്തിൽ തദ്ദേശീയ ചരിത്രം, അനുഷ്ഠാനം, കലകൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ, പ്രാചീന മലയാളസാഹിത്യം, തമിഴ് -സംസ്കൃത ബന്ധങ്ങൾ, വൈദ്യം, തുടങ്ങിയവയ്ക്ക് സ്ഥാനം നൽകിയിക്കുന്നു.

ഉച്ച കഴിഞ്ഞുള്ള രണ്ടാം ചർച്ചാ യോഗത്തിന് സമകാലിക കേരളീയ അനുഭവത്തിന് ഊന്നൽ. ഈ ചർച്ചായോഗത്തിന് സുനിൽ. പി. ഇളയിടം നേതൃത്വം നൽകും. സാഹിത്യം, ജനപ്രിയസംസ്ക്കാരം, ക്ലാസിക് കലകളുടെ ആധുനികീകരണം, ഡിജിറ്റൽ മലയാളം, പുതിയ മത-സമുദായ പ്രസ്ഥാനങ്ങൾ, സംഗീതശൈലി, ഭാഷണ ഭേദങ്ങൾ, ഫാഷൻ, ഭക്ഷണം, മാധ്യമം, പരിസ്ഥിതി, ലിംഗപദവി, വിനോദം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.

ഓരോ ചർച്ചാ യോഗത്തിലും ലഘു പ്രബന്ധങ്ങൾക്ക് ഇടമുണ്ട്. ഇവിടെ സൂചിപ്പിച്ച വിഷയ മേഖലകൾക്കുള്ളിലോ അതിന്റെ തുടർച്ചയിലോ ഉൾപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. പ്രബന്ധാവതരണത്തിന് പതിനഞ്ചു മിനിറ്റ് സമയം ലഭിക്കും. താല്പര്യമുള്ളവർ 100 വാക്കിൽ കവിയാത്ത സംഗ്രഹം ഡിസംബർ 15ന് മുമ്പ് അയച്ചുതരണം. ഇവയിൽനിന്ന് തിരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾക്കായിരിക്കും അവതരണാനുമതി. പ്രത്യേകം ക്ഷണിക്കപ്പെട്ട ഏതാനും പ്രബന്ധാവതരണങ്ങളും സമ്മേളനത്തിൽ ഉണ്ടായിരിക്കും. അവതരണത്തെക്കാൾ പ്രധാനം ചർച്ചകൾക്കായിരിക്കും

സെമിനാർ വിഷയത്തെക്കുറിച്ച്

മതം , മതേതരത്വം, ആത്മീയത, പാരമ്പര്യം, ഭാഷ, ചരിത്രം തുടങ്ങിയവയെല്ലാം ജീവന്മരണ പ്രശ്നങ്ങളായി മാറുകയാണ്, സമകാലിക ലോകത്തിൽ. സത്യവും മിഥ്യയും കൂടിക്കുഴയുന്ന സങ്കല്പനലോകത്തിലും ധാരാളം ധാരണകുഴപ്പങ്ങൾ ഉണ്ട്. ഭാഷയുടെ കളിയെന്ന മട്ടിൽ ഇതിനെ ലഘൂകരിച്ചു കാണുന്നവരുണ്ട്. ഇതിനുമപ്പുറം സത്യനന്തരതയുടെ ദാർശനിക പ്രശ്നമായി ഇതിനെ വ്യാഖ്യാനിക്കാം. ദേശസ്നേഹം, രാഷ്ടസങ്കല്പം, സ്ത്രീ പദവി, ദളിതവസ്ഥ തുടങ്ങിയവ കൂടിക്കുഴഞ്ഞു പ്രശ്നമേഖലയായി വികസിക്കുന്നു.

സൈദ്ധാന്തിക സമീപനം കൊണ്ട് ചടുലമായ ആഖ്യാനങ്ങൾ ഒരുക്കാൻ അക്കാദമിക്കുകൾ ശ്രമിക്കുന്നു .
അക്കാദമിക് പ്രവർത്തനവും പൗരമണ്ഡലവും തമ്മിലുള്ള ബന്ധം ഗൗരവമായി പരിഗണിക്കുമ്പോൾ ധാരണകളുടെ ലോകം ഭാഷാമണ്ഡലമായി വികസിക്കുന്നു. ലിപിയും ധ്വനിയും മുതൽ മസ്തിഷ്കം വരെയുള്ള സഞ്ചാരപഥങ്ങളിൽ ഭാഷക്കുണ്ടാകുന്ന നിറപ്പകർച്ചകൾ ജീവന്മരണ പ്രശ്നങ്ങളുടെ പ്രകടനമായി വ്യാഖ്യാനിക്കപ്പെടുന്നു. വൈജ്ഞാനികവും സാമൂഹികവും സാംസ്കാരികവുമായ സമസ്യകളെ കൂട്ടിയിണക്കാനാണ് ചിലരുടെ ശ്രമം. മറ്റു ചിലരാകട്ടെ സാംസ്കാരിക വിശ്ലേഷണത്തിലൂടെ അർത്ഥവും പൊരുളും തമ്മിലുള്ള അന്തരം തെളിച്ചു കാട്ടുന്നു. ഇത്തരം ചർച്ചകൾ നമ്മുടെ തലയ്ക്ക് മുകളിലല്ല, നമ്മുടെ ഇടയിലാണ്. അതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പാലിച്ചേ തീരൂ. പരസ്പരം മനസ്സിലാക്കാനും ശൃംഖല പ്രവർത്തനത്തിൽ പങ്കാളികളാകാനും തിരിച്ചറിവുകൾ കൂടിയേ തീരൂ. ഇത്തരം അന്വേഷണത്തിൽ പഠനത്തിന്റെ രീതിശാസ്ത്രമാണ് പ്രധാനം. സർവ്വജ്ഞാനിയായ മഹാപണ്ഡിതന്റെ ഇടപെടലുകൾ കൊണ്ട് പൊരുൾ തിരിക്കാമെന്ന വ്യാമോഹം ഇന്നാർക്കും ഇല്ല. അറിയാനും അറിയിക്കാനുമുള്ള സംവാദമണ്ഡലം വികസിപ്പിക്കുകയെന്നതാണ് ഒരു പോംവഴി. ആ വഴിക്കുള്ള എളിയ പരിശ്രമമായി വേണം ഈ കൂട്ടായ്മയെ പരിഗണിക്കാൻ. വരൂ, നമുക്ക് ചർച്ച ചെയ്യാം. തിരിച്ചറിവുകൾ നേടാൻ കഴിഞ്ഞേക്കും.

കൂടുതൽ വിവരങ്ങൾക്ക്/ രജിസ്ട്രേഷൻ

ജോസഫ് സ്കറിയ: 9744144427
അജു കെ നാരായണൻ: 9496119457
ബിജു. സി. പി : 9447300510
സജു തോമസ്: 9633046646
ജിബിൻ കുര്യൻ : 8075726605

 

Related Posts

-->